കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന്‍റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താൻ റെയില്‍വേ ബോർഡ് തീരുമാനിച്ചു.
നിലവില്‍ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്.
ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള പുതിയ 20 റേക്ക് ട്രെയിൻ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. ഈ റേക്കുകള്‍ ഇപ്പോള്‍ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഉള്ളത്. അവ ഉടൻ കേരളത്തില്‍ എത്തിക്കും. തുടർന്ന് പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.
അതിനു ശേഷം 20 കോച്ചുകള്‍ ഉള്ള വണ്ടി ഓടി തുടങ്ങും. എന്ന് മുതല്‍ ഇത് ആരംഭിമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല. 20 കോച്ചുകള്‍ ഉള്ള വണ്ടി സർവീസ് തുടങ്ങുമ്ബോള്‍ നിലവിലെ 16 കോച്ചുകള്‍ ഉള്ള ട്രെയിൻ ദക്ഷിണ റെയില്‍വേയില്‍ തന്നെ നിലനിർത്താനും റെയില്‍വേ മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. ഇത് കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു സെൻട്രലിന് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് എട്ട് കോച്ചുകള്‍ മാത്രമാണ് ഉള്ളത്. ഈ വണ്ടി 16 കോച്ചുകളിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്. അതിനാലാണ് 16 കോച്ചുകള്‍ ഉള്ള വന്ദേഭാരത് ഇവിടെ തന്നെ നിലനിർത്താൻ നിർദേശം നല്‍കിയതെന്നാണ് സൂചന.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിനും മംഗളുരു സെൻട്രലിനും ഉള്ള രണ്ട് വന്ദേഭാരത് എക്സ്പ്രസുകളും യാത്രക്കാരുടെ 100 ശതമാനം ഒക്കുപ്പൻസിയിലാണ് പ്രതിദിനം സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവയില്‍ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തില്‍ റെയില്‍വേ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
Post a Comment