പുതുവത്സരാഘോഷം റോഡിൽ വേണ്ട; അതിരുവിട്ടാൽ പിടി വീഴും; ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്




കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാൻ വാഹന പരിശോധന കർശനമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും. ആഘോഷക്കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് പോലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ബി സാജു നിർദ്ദേശം നൽകിയത്.
ഡിസംബർ 31ന് ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.

പോലീസും മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്മെന്റ് വിഭാഗവും ഒരുമിച്ച് ചേർന്നാണ് പരിശോധന നടത്തുക. ആർ ടി ഓഫീസ്, സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥരും ഇതിനോടൊപ്പം പങ്കെടുക്കും.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്കു പുറമേ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അമിത ശബ്ദം പുറപ്പെടുവിക്കുന്നരീതിയിൽ സൈലൻസർ മാറ്റിയ വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ആർ ടി ഒ അറിയിച്ചു. 


Post a Comment

Previous Post Next Post