കൊച്ചി: ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയില്‍ കോതമംഗലം കുട്ടമ്ബുഴ ക്ണാച്ചേരിയിലുണ്ടായ സംഭവത്തില്‍ ക്ണാച്ചേരി സ്വദേശി എല്‍ദോസ് (40) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വൻ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
കാട്ടാന ആക്രമണത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ ആംബുലൻസ് തിരിച്ചയച്ചു. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്‍റെ മൃതദേഹം.
ജനപ്രതിനിധികളടക്കമുള്ളവർ സ്ഥലത്ത് എത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയിട്ടില്ല. പ്രദേശത്ത് ദിവസങ്ങളായി കാട്ടാന ആക്രമണം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് എല്‍ദോസിന്‍റെ വീട്. പാതയില്‍ വഴിവിളക്ക് ഉണ്ടായിരുന്നില്ല. ജില്ലാ കളക്ടര്‍ എത്തിയാല്‍ മാത്രമേ മൃതദേഹം സംഭവസ്ഥലത്തു നിന്നും മാറ്റാന്‍ സമ്മതിക്കുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment