ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത: കേരളത്തില്‍ വരുന്ന നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

 


തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ വീണ്ടും കൂടും. അടുത്ത നാല് ദിവസത്തേക്കാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.


ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


എന്നാല്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.


അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.


പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Post a Comment

Previous Post Next Post