ഏറ്റുപാറയിലും വളക്കൈ എടയന്നൂരിലും പുലിയെ കണ്ടതായി നാട്ടുകാർ

 


ശ്രീകണ്ഠപുരം : കുറച്ചുനാളുകളായി തുടരുന്ന പുലിപ്പേടിയൊഴിയാതെ മലയോരത്തെ ജനങ്ങൾ. ചെങ്ങളായി എടക്കുളത്ത് പുലിയിറങ്ങിയെന്നത് വനംവകുപ്പ് സ്ഥിരീകരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ അരീക്കാമലയിൽ തൊഴുത്തിൽ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന സംഭവമുണ്ടായി.

കഴിഞ്ഞദിവസം പയ്യാവൂർ ഏറ്റുപാറയിലും വളക്കൈ എടയന്നൂരിലും പ്രദേശവാസികൾ പുലിയെ കണ്ടതായി പറഞ്ഞതോടെ ഭീതിയിലാണ് നാട്ടുകാർ. ഏറ്റുപാറയിലും എടയന്നൂരിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയിട്ടുണ്ട്. ഏറ്റുപാറ സെയ്ന്റ്‌ അൽഫോൺസ പള്ളിയിലെ കപ്യാർ ഷബിനാണ് വെള്ളിയാഴ്ച രാവിലെ 7.30-ന് പുലിയെ കണ്ടതായി പറഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് ഏരുവേശ്ശി കോട്ടക്കുന്നിൽ വടക്കേൽ സേവ്യർ എന്നയാളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു.


പുലിയെ കണ്ടുവെന്ന് പറയുന്ന പ്രദേശങ്ങൾ ശ്രീകണ്ഠപുരം ഫോറസ്റ്റ് സെക്‌ഷന്റെയും കരാമരംതട്ട് സെക്‌ഷന്റെയും അതിർത്തിയിലുള്ളതാണ്. കഴിഞ്ഞ ദിവസം രാത്രിതന്നെ കരാമരംതട്ട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രദേശത്താകമാനം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുവരെ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവുന്ന യാതൊന്നും കണ്ടെത്താനായില്ല. 

 പുൽപ്രദേശമായതിനാൽ കാൽപ്പാടുകളും വ്യക്തമായിട്ടില്ല. അതേസമയം ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.രതീശന്റെ നിർദേശാനുസരണം വെള്ളിയാഴ്ച രാത്രിയും വനംവകുപ്പ് പരിശോധന തുടരുന്നുണ്ട്. അതിനിടെ വെള്ളിയാഴ്ച പുലർച്ചെ വളക്കൈ-ചുഴലി റൂട്ടിൽ എടയന്നൂരിൽ പുലിയെ കണ്ടതായി റബ്ബർ ടാപ്പിങ് തൊഴിലാളി തട്ടേരിയിലെ മോനിച്ചൻ പറഞ്ഞു. മരക്കമ്പ് പൊട്ടിവീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോൾ പുലി നടന്നുപോകുന്നത് കണ്ടുവെന്നാണ് ഇദ്ദേഹം പറഞ്ഞത്. 

വിവരമറിഞ്ഞ് ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകർ എടയന്നൂരിലും പരിസരങ്ങളിലും എത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.


പുലിയിറങ്ങിയ ചെങ്ങളായി എടക്കുളത്ത് കൂടും ക്യാമറയും സ്ഥാപിക്കുകയും ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തുകയുമൊക്കെ ചെയ്തിട്ടും കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post