ആലക്കോട്: സെപ്റ്റംബർ ഒന്നിന് കുവൈത്ത് സമുദ്രാതിർത്തിലുണ്ടായ കപ്പലപകടത്തില്‍ കാണാതായ ആലക്കോട് കാവുംകുടിയിലെ കോട്ടയില്‍ അമല്‍ സുരേഷിനെ(26)നെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ തുടരുന്നു.
സംഭവം നടന്ന് നൂറു ദിവസം കഴിഞ്ഞിട്ടും അമല്‍ എവിടെ എന്ന കാര്യത്തില്‍ ആശങ്കയോടെ കഴിയുകയാണ് കുടുംബം. കാണാതായ രണ്ടു മലയാളികള്‍ അടക്കം ആറുപേരില്‍ നാലുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും അമലിനെക്കുറിച്ചും കപ്പലിന്‍റെ ക്യാപ്റ്റനെക്കുറിച്ചുമാണ് യാതോരു വിവരവുമില്ലാത്തത്.
ഇവർക്കായി സൗദി, ഖത്തർ ജയിലുകളില്‍ അന്വേഷിക്കണമെന്ന് മുംബൈ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ഓഫീസ് ചെയർമാൻ ശ്യാം ജഗന്നാഥനോട് അമലിന്‍റെ പിതാവ് സുരേഷ് ആവശ്യപ്പെട്ടു. സെയ്‌ലേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്‍റ് രവി വിട്ടിലിനൊപ്പമാണ് സുരേഷ് മുംബൈയിലൈ ഷിപ്പിംഗ് ഓഫീസിലെത്തിയത്.
സെപ്‌റ്റംബർ ഒന്നിനാണ് അമല്‍ ജോലിചെയ്തിരുന്ന ഇറാനിയൻ കപ്പല്‍ അറബക്തർ കുവൈത്ത് സമുദ്രാതിർത്തിയില്‍ മുങ്ങി അമല്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരെ കാണാതായത്. തൃശൂർ സ്വദേശി അനീഷ് ഹരിദാസിന്‍റേതടക്കം നാലുപേരുടെ മൃതദേഹം ലഭിച്ചു.അമലും ഇറാനിയായ ക്യാപ്റ്റനും സുരക്ഷാബോട്ടില്‍ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ എത്താൻ സാധ്യതയുള്ള സൗദി ,ഖത്തർ ജയിലുകളില്‍ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
മുംബൈ ഗ്ലോബല്‍ മറൈൻ ഏജൻസി വഴിയാണ് അമല്‍ പോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാല്‍, മുംബൈയില്‍തന്നെയുള്ള എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണിതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. വെസല്‍ ഈസ് മറിയം എന്ന കപ്പലില്‍ ജോലി ലഭിച്ചെന്നാണ് രേഖയിലുള്ളത്. ഈ സാഹചര്യത്തില്‍ അമല്‍ അറബക്തർ ഒന്നില്‍ എത്തിയതില്‍ ദുരൂഹതയുണ്ട്.
ജനുവരിയില്‍ ജോലി ലഭിച്ച് മുബൈയിലേക്ക് പുറപ്പെട്ട അമല്‍ കൈയില്‍ കരുതിയ 4,32,000 രൂപയില്‍ നാല് ലക്ഷം ഏജൻസിക്ക് കൊടുത്തെന്നാണ് അറിയിച്ചത്. ജോലിയില്‍ കയറിയതിനുശേഷം കപ്പല്‍ക്കമ്ബനി ഒരു രൂപപോലും ശമ്ബളം നല്‍കിയില്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സുരേഷിന് ഡിജിഎസ് ചെയർമാൻ ഉറപ്പുനല്‍കിയിരുന്നു.
അമലിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎല്‍എ തുടങ്ങിയവർക്കും നിവേദനം നല്‍കിയെങ്കിലും അമലിനെ കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയില്‍നിന്നോ കേന്ദ്ര സർക്കാരില്‍നിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല.

Post a Comment