വണ്ടിപ്പെരിയാര്‍ കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി; അസാധാരണ നടപടി


കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട അർജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.
പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിർദേശം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി.

ബോണ്ട് നല്‍കിയാല്‍ അർജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിർദേശിക്കുന്നത് അസാധാരണ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അർജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അര്‍ജുന്റെ അഭിഭാഷകന്‍ എസ് കെ ആദിത്യന്‍ ഹൈക്കോടതിയിലെ വക്കാലത്ത് ഒഴിഞ്ഞിരുന്നു.

വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ കുറ്റാരോപിതനായിരുന്നു അര്‍ജുന്‍. വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു.

50,000 രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്‌സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

കേസ് ഇങ്ങനെ

2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്കെതിരായ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങളില്‍ ഒന്നു പോലും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.

കുട്ടിയെ ലയത്തിലാക്കി രാവിലെ ജോലിക്കു പോയ മാതാപിതാക്കള്‍ തിരികെ എത്തിയപ്പോഴാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് വഴിത്തിരിവുണ്ടായത്.

14 വര്‍ഷം കുട്ടികളുണ്ടാകാതെ കാത്തിരുന്ന മാതാപിതാക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഈ വിവരം അറിഞ്ഞത്. രണ്ട് ദിവസത്തിനു ശേഷമാണ് വണ്ടിപ്പെരിയാർ എസ് ഐ ടി ഡി സുനില്‍കുമാർ പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷത്തോളമായി കുട്ടിയെ യുവാവ് പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post