ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയില്‍. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ ആണ് ഭർതൃവീട്ടില്‍ നിന്ന് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നീമയെ ഭർത്താവിന്റെ വീട്ടില്‍ നിന്നും ആംബുലൻസില്‍ എത്തിച്ചത്. ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയെ ആശുപത്രിയിലാക്കി കടന്ന ഭർത്താവ് രാഹുലിനെ പാലാഴിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ മർദിച്ചെന്ന് യുവതി പരാതി നല്‍കി. ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നും യുവതി ആരോപിച്ചു.
മീൻ കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് മർദിച്ചത്. ഇതിന് മുമ്ബ് അമ്മ വിളിച്ചതിന്റെ പേരിലും മർദ്ദിച്ചുവെന്ന് നീമ പരാതി നല്‍കി. യുവതിയുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റുകള്‍ കണ്ടെടുക്കാനായി രാഹുലിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
നേരത്തെ സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ചാണ് രാഹുലിന്റെ ഭാര്യയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്. രാഹുല്‍ തന്നെ മർദിച്ചുവെന്നും കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
പൊലീസ് കേസെടുത്തതോടെ രാഹുല്‍ വിദേശ രാജ്യത്തേക്ക് മുങ്ങി. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുമ്ബിലും ഭർത്താവില്‍ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങള്‍ക്കുള്ളില്‍ നാടകീയമായി മൊഴി മാറ്റി.
കുടുംബത്തില്‍ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നല്‍കിയതെന്നും തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഇതിന് പിന്നാലെ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post a Comment