ഇനിമുതല്‍ വസ്തു രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നാധാരം തേടി ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല.
രജിസ്ട്രേഷൻ വകുപ്പ് എല്ലാ ആധാരവും ഡിജിറ്റല്‍ ആക്കി മാറ്റുന്നതിന്റെ ആദ്യഘട്ടം ഒക്ടോബർ 31ന് പൂർത്തിയാക്കും. 1998 മുതല്‍ 2018 വരെയുള്ള ആധാരങ്ങള്‍ ഡിജിറ്റല്‍ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നഗരങ്ങള്‍ക്കും ഏറെ സഹായകരമായ ഒന്നാണ്.
ഇതിനോടകം തന്നെ സംസ്ഥാനത്തെ 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവയാണ് ഒക്ടോബർ 31നകം പൂർത്തിയാക്കുക. ആധാരങ്ങള്‍ ഡിജിറ്റല്‍ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് 2018ല്‍ തുടക്കമിട്ടെങ്കിലും പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായതു കാരണം പദ്ധതി നീണ്ടു പോകുകയായിരുന്നു. അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റല്‍ ആക്കാനാണ് തീരുമാനം.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2020 ല്‍ പത്തനംതിട്ടയില്‍ പൈലറ്റ് പ്രോജക്‌ട് നടപ്പിലാക്കുകയും ജില്ലയിലെ എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളിലും ഉള്ള 100% ആധാരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവില്‍ 1968 മുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ആധാരങ്ങള്‍ രജിസ്ട്രേഷൻ വകുപ്പിന്റെ പക്കല്‍ ഉണ്ട്.
ഇവ അടുത്തഘട്ടത്തില്‍ പൂർണ്ണമായും ഡിജിറ്റല്‍ ആക്കുകയും തുടർന്ന് മറ്റു ജില്ലകളിലെയും മുന്നാധാരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ ആക്കുകയും ചെയ്യും. രജിസ്ട്രേഷൻ വകുപ്പിനെ ജന സൗഹൃദമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Post a Comment