ചെമ്പേരി: ലക്ഷങ്ങള്‍ ചെലവഴിച്ച് മികച്ച രീതിയില്‍ നിർമിച്ച ചെമ്ബേരിയിലെ ബസ് സ്റ്റാൻഡില്‍ ബസുകള്‍ കയറുന്നില്ല.
നിലവില്‍ എല്ലാ ബസുകളും സ്റ്റാൻഡില്‍ കയറാതെ ചെമ്ബേരി ടൗണില്‍ വന്ന് തിരിച്ചുപോകുകയാണ്. സ്റ്റാൻഡില്‍ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് ബസുകള്‍ സ്റ്റാൻഡിനെ നോക്കുകുത്തിയാക്കിയിരിക്കുന്നത്.
20 വർഷത്തോളമായി ചെമ്ബേരി ബസ് സ്റ്റാൻഡ് ബസുകള്‍ കാത്തു നില്‍ക്കുകയാണ്. ഏരുവേശി പഞ്ചായത്ത് മികച്ച രീതിയില്‍ നിർമിച്ച ബസ് സ്റ്റാൻഡില്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ബസ് പോലും കയറാത്തത് മാറി മാറി വരുന്ന ഭരണസമിതികള്‍ക്കും നാണക്കേടാകുകയാണ്. ചെമ്ബേരി ടൗണില്‍നിന്ന് 500 മീറ്റർ മാത്രം മാറിയുള്ള ബസ് സ്റ്റാൻഡ് ഇപ്പോഴും സ്വകാര്യ വാഹനങ്ങളുടെയും ചരക്കുലോറികളുടെയും പാർക്കിംഗ് കേന്ദ്രമാണ്.
ചെമ്ബേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അലക്സാണ്ടർ കടൂക്കുന്നേല്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വർഷങ്ങള്‍ക്ക് മുന്പ് സ്റ്റാൻഡ് നിർമിച്ചത്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ചെമ്ബേരി പാലത്തിനു സമീപം സ്റ്റാൻഡ് നിർമിച്ചത്. ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും ശൗചാലയവും മികച്ച രീതിയില്‍ ഒരുക്കി.
ചെമ്ബേരി ടൗണിന്‍റെ മാർക്കറ്റ് കൂടിയാണ് ബസ് സ്റ്റാൻഡ് ഭാഗം. സ്റ്റാൻഡില്‍ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്നാണ് ബസുകാരുടെ അഭിപ്രായം. മലയോര ഹൈവേയിലൂടെയും അല്ലാതെയും ചെമ്ബേരിയിലേക്ക് 12 ദീർഘദൂര ബസുകളുള്‍പ്പെടെ 45 ബസുകളോടുന്നുണ്ട്. ഇവയെല്ലാം സ്റ്റാൻഡിന് പുറത്താണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതറിയാത്ത ഏതെങ്കിലും യാത്രക്കാർ സ്റ്റാൻഡിനുള്ളില്‍ ബസ് കാത്തുനിന്നാല്‍ യാത്ര മുടങ്ങുന്ന അവസ്ഥയാണ്. ബസുകള്‍ കയറാതായതോടെ സ്റ്റാൻഡില്‍ തലങ്ങും വിലങ്ങും മറ്റു വാഹനങ്ങള്‍ നിർത്തിയിടുകയാണ് പതിവ്. ലോറികളാണ് കൂടുതലും. സ്റ്റാൻഡില്‍ നിർത്തിയിടുന്ന മറ്റു വാഹനങ്ങളില്‍നിന്ന് പാർക്കിംഗ് ഫീ മുടങ്ങാതെ പിരിക്കുന്നുണ്ട്.
നിലവില്‍ വൃത്തിഹീനമാണ് ബസ് കാത്തിരിപ്പു കേന്ദ്രം. സ്റ്റാൻഡിനോട് ചേർന്നുള്ള ശൗചാലയവും നാട്ടുകാർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്. അടിയന്തര ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷേധത്തിനിറങ്ങുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.
Post a Comment