മാസങ്ങള്‍ക്കു മുൻപ് ഇ പോസ് സെർവറിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവെച്ച റേഷൻ മസ്റ്ററിംഗ് വീണ്ടും പുനരാരംഭിക്കുന്നു.
സെപ്റ്റംബർ 18ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് തീരുന്ന രീതിയില്‍ ഓരോ ജില്ലക്കും വ്യത്യസ്ത തീയതിയാണ് മസ്റ്ററിങ്ങിനായി നിശ്ചയിച്ചിട്ടുള്ളത്. റേഷൻ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷൻ കാർഡിലെ അംഗങ്ങള്‍ നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്.
മറ്റു വിഭാഗങ്ങളായ നീല, വെള്ള കാർഡ് ഉടമകള്‍ക്കും മസ്റ്ററിങ് ചെയ്യാവുന്നതാണ്. മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനായി ഇ പോസ് സർവറിന്റെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. റേഷൻ മസ്റ്ററിങ്ങിനായി റേഷൻ കടകള്‍ക്ക് പുറമേ സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ ഇടങ്ങളിലും ക്യാമ്ബുകള്‍ സംഘടിപ്പിക്കും. വീടുകളില്‍ നേരിട്ട് എത്തി കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ മസ്റ്ററിംഗ് പൂർത്തിയാക്കും.
ഒരു കാർഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി എത്തി മസ്റ്ററിംഗ് ചെയ്യേണ്ടത് നിർബന്ധമാണ്. ഒക്ടോബർ 3 മുതല്‍ 8 വരെയാണ് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ മസ്റ്ററിംഗ് നടക്കുക.
കാർഡിലെ അംഗങ്ങള്‍ റേഷൻ സാധനങ്ങള്‍ വാങ്ങുന്നതിനായി റേഷൻ കടയില്‍ എത്തി ഇ പോസ് മെഷീനില്‍ വിരല്‍ അമർത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയതിലൂടെ 74 ലക്ഷത്തിലേറെ പേർ ഇതിനോടകം തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിംഗ് ആണ് മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ചെയ്യേണ്ടത്.
Post a Comment