ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യുകെയിലെ ഡെർബിയില്‍ അന്തരിച്ചു.
ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും തലശേരി സെഷൻസ് കോടതി മുൻ സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്കറിയ(67) ആണ് അന്തരിച്ചത്.
റിട്ടേർഡ് അധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം ഡെർബിയില്‍ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്‍റെ ഭവനം സന്ദർശിക്കാനാണ് ഒരു മാസം മുമ്ബ് സ്കറിയ യുകെയില്‍ എത്തിയത്. സ്‍കോട്‍ലൻഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച് കഴിഞ്ഞദിവസമാണ് ഡെർബിയില്‍ തിരിച്ചെത്തിയത്.
നടക്കിനിറങ്ങിയ സ്കറിയ തിരിച്ചു വരാൻ താമസിച്ചതിനാല്‍ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ബോധരഹിതനായി വീണുകിടന്ന ഏഷ്യക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞു.
ആശുപത്രിയില്‍ എത്തുമ്ബോഴാണ് പിതാവ് മരണപ്പെട്ട വിവരം സച്ചിനും കുടുംബവും അറിയുന്നത്. മരണവാർത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദർശിക്കുകയും പരേതനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
അന്ത്യശുശ്രൂഷകള്‍ നാട്ടില്‍ നടത്തി വെളിമാനം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബക്കല്ലറയില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.
സച്ചിന്‍റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെർബി മലയാളികളും ഉണ്ട്. സഫിൻ (യുഎഇ) സാല്‍ബിൻ (ബംഗളൂരു) എന്നിവരാണ് മറ്റു മക്കള്‍. ആര്യ (മരുമകള്‍), റിക്കി (പൗത്രൻ).
Post a Comment