വാർഡ് പുനർനിർണയം; പഞ്ചായത്തുകളിൽ 105 വാർഡുകൾ വർധിച്ചു

കണ്ണൂർ▸ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർനിർണയത്തിൽ ജില്ലയിലെ പഞ്ചായത്തുകളിൽ പുതുതായി 105 വാർഡുകൾ കൂടി. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ പുതുക്കിയ വാർഡുകളുടെ എണ്ണം സർക്കാർ ഈ ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. ഉദയഗിരി, ആലക്കോട്, അയ്യൻകുന്ന്, കൊട്ടിയൂർ പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം കൂടിയില്ല. പുനർനിർണ യത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 1265 ആയി. നേരത്തെ ഇത് 1160 ആയിരുന്നു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 ഡിവിഷനുകൾ കൂടി. കൂത്തുപറമ്പ്, കല്യാശ്ശേരി ബ്ലോക്കുകളിൽ രണ്ട് ഡിവിഷനുകൾ വീതം വർധിച്ചു. ജില്ല പഞ്ചായത്തിൽ 24 ഡിവിഷനുകളാണ് നിലവിൽ ഉണ്ടായിരുന്നത്. ഇത് ഒന്ന് വർധിച്ച് 25 ആയി.

ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽ നേരിട്ടുള്ള തെരഞ്ഞെടുപ്പിൽ നികത്തേണ്ട സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിക്കാനും പട്ടികജാതി - പട്ടിക വർഗം, പട്ടികജാതി, പട്ടിക വർഗത്തിലെ ഉൾപ്പെടുന്ന സ്ത്രീകൾക്കും സംവരണം ചെയ്യേണ്ടവ നിശ്ചയിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ട‌റെ സർക്കാർ ചുമതലപ്പെടുത്തി. ജനസംഖ്യാനുപാതികമായാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡുകൾ വർധിച്ചത്. 2010 ലാണ് അവസാനം വാർഡ് വിഭജനം നടന്നത്. 2015ൽ ഭാഗികമായ പുനർനിർണയവും നടന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.


Post a Comment

Previous Post Next Post