ഇരിട്ടി: മാക്കൂട്ടം ചുരം റോഡില്‍ രണ്ടു ലോറികള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു മാക്കൂട്ടം ചുരത്തിലെ മെതിയടി പാറയിലെ വളവില്‍ അപകടം. കർണാടകയില്‍നിന്ന് കണ്ണൂർ വളപട്ടണത്തേക്ക് മരവുമായി വന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
ബൈക്കുകള്‍ക്ക് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ കടന്നുപോകാൻ ശ്രമിച്ച കോഴിയുമായി വന്ന പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടതോടെ റോഡ് പൂർണമായും ബ്ലോക്കായി. വീരാജ്പേട്ടയില്‍ നിന്ന് എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു.
വള്ളിത്തോടുനിന്ന് എത്തിയ വലിയ ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തി 11.15 ഓടെയാണ് ആദ്യ വാഹനം കടത്തിവിട്ടത്. ആദ്യ അരമണിക്കൂറില്‍ വീരാജ്പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കർണാടക ചെക്പോസ്റ്റുകളില്‍ പോലീസ് തടഞ്ഞിട്ടിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ചുരത്തിലെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴഞ്ഞത്.
കുടുങ്ങിയവരില്‍ അധികവും ഓണാവധിക്ക് വരുന്നവർ
ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഓണാവധിക്ക് വന്ന യാത്രക്കാരാണ് മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങിയത്. നാല്പതിലധികം ടുറിസ്റ്റ് ബസുകളും കെഎസ്‌ആർടിസി ബസുകളും സ്വകര്യവാഹനങ്ങള്‍ ഉള്‍പ്പടെ പെരുമ്ബാടിവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടതോടെ ഏകദേശം നാലുമണിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ ചുരത്തിലൂടെ കാല്‍നടയായി കൂട്ടുപുഴയില്‍ എത്തുകയായിരുന്നു. ഇരിട്ടി ഭാഗത്തേക്ക് എത്തേണ്ട പഴം പച്ചക്കറി വാഹനങ്ങളും ചുരത്തില്‍ കുടുങ്ങി. വിദ്യാർഥികള്‍ ഉള്‍പ്പെടെ പലരും കടന്നുപോകാൻ കഴിയാതെ തിരിച്ചുവന്ന ലോറിയിലും മറ്റും കയറി കൂട്ടുപുഴയില്‍ എത്തി യാത്ര തുടരുകയായിരുന്നു.
മട്ടന്നൂർ എയർപോർട്ടിലേക്ക് വന്നവർക്കും ബ്ലോക്കില്‍ കുടുങ്ങി യാത്ര മുടങ്ങി. കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെയുള്ള 19 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാൻ കർണാടക പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു മാസമായി ദിവസം ഒന്ന് എന്ന കണക്കിലാണ് അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വനത്തിനുള്ളില്‍ മൊബൈല്‍ നെറ്റ് വർക്ക് ലഭ്യമല്ലാത്തതുകാരണം അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറംലോകം അറിയുന്നത്.
തുണയായത് ടിംബർ
തൊഴിലാളികള്‍
ടിംബർ തൊഴിലാളികള്‍ ഏറെ പരിശ്രമിച്ച് മരങ്ങള്‍ മാറ്റിയ ശേഷമാണ് ലോറി ഉയർത്താൻ കഴിഞ്ഞത്. അപകടസ്ഥലത്ത് വീരാജ്പേട്ടയില്‍ നിന്നുള്ള രണ്ടു പോലീസുകാർ മാത്രമാണ് എത്തിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. മരങ്ങള്‍ മറ്റൊരു ലോറിയില്‍ കയറ്റിയ ശേഷമാണ് തൊഴിലാളികള്‍ മടങ്ങിയത്.
Post a Comment