കണ്ണൂർ: വത്തിക്കാനിലെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബില്‍ അഞ്ചുമലയാളികള്‍ ഇടംനേടി.
ടീം ക്യാപ്റ്റനും മലയാളിയാണ്, ചങ്ങനാശ്ശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളി.
2013മുതല്‍ 2016വരെ വത്തിക്കാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഫാദർ, പിന്നീട് നാട്ടിലേക്ക് വന്നിരുന്നു. കഴിഞ്ഞവർഷമാണ് റോമില്‍ തിരിച്ചെത്തി വീണ്ടും ക്യാപ്റ്റൻസ്ഥാനമേറ്റെടുത്തത്.
കണ്ണൂർ സ്വദേശിയായ വൈദികവിദ്യാർഥി ബ്രദർ അജയ് പൂവൻപുഴ, ബ്രദറുമാരായ പാലയിലെ ജെയ്സ് ജെയ്മി, ഇടുക്കിയിലെ എബിൻ ജോസ് എന്നിവരാണ് വത്തിക്കാൻടീമില്‍ പുതുതായി എത്തിയത്. കോട്ടയംകാരനായ ഫാ. പ്രിൻസ് നേരത്തേ ടീമിലുണ്ട്.
ഇത്തവണത്തെ ആദ്യമത്സരം ഇംഗ്ലണ്ടില്‍ കിങ് ചാള്‍സ് ഇലവനുമായിട്ടാണ്. പുതുതായി ടീമിലെത്തിയവർ മത്സരത്തിനുമുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയെ നേരില്‍ക്കണ്ട് അനുഗ്രഹം വാങ്ങി. മാർപാപ്പയുടെ ഒപ്പോടുകൂടിയ ക്രിക്കറ്റ് ബാറ്റും ഏറ്റുവാങ്ങി. വത്തിക്കാൻ മീഡിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
2018-ല്‍ വത്തിക്കാൻ ക്രിക്കറ്റ് ക്ലബ്ബായെങ്കിലും ഔദ്യോഗികമായി രജിസ്റ്റർചെയ്തത് കഴിഞ്ഞവർഷമാണ്. പാകിസ്താൻ, ശ്രീലങ്ക, ഇറ്റലി, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വൈദികരും വൈദികവിദ്യാർഥികളും അല്‍മായരുമാണ് ടീം അംഗങ്ങള്‍.
ഫാസ്റ്റ് ബൗളറായ അജയ് ദൈവശാസ്ത്രം പഠിക്കാൻ കഴിഞ്ഞവർഷം റോമിലെത്തി. സ്കൂള്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു. കണ്ണൂർ ആലക്കോട്ടെ തേർത്തലി ജെയിംസ് തോമസ്-മേഴ്സി ജോർജ് ദമ്ബതിമാരുടെ മകനാണ് അജയ്.
മാർപാപ്പയുടെ സ്വന്തം ടീം
ക്രിക്കറ്റിലൂടെ രാജ്യങ്ങളുമായി ആത്മബന്ധം ഉറപ്പിക്കുക, സാഹോദര്യം സൂക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് 2023-ല്‍ വത്തിക്കാൻ ഔദ്യോഗിക ക്രിക്കറ്റ് ക്ലബ്ബ് ഉണ്ടാക്കിയത്. 45 അംഗങ്ങളുണ്ട്. ഇതില്‍ ഇരുപതിലേറെ മലയാളികളുണ്ട്. അന്തർദേശീയ മത്സരങ്ങള്‍ക്കായി ഇതില്‍നിന്ന് 12 പേരെ തിരഞ്ഞെടുത്തു.
Post a Comment