തോന്നിയപോലെ ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കല്‍ ഇനിനടക്കില്ല; 'ഓപ്പറേഷൻ അമൃത്‌' മുന്നോട്ട്

കണ്ണൂർ: തോന്നിയപോലെ ആന്റിബയോട്ടിക്കുകള്‍ മരന്നുകടകളില്‍നിന്ന് വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കടയ്ക്കെതിരേ നടപടി വരും.


ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളില്‍ പരിശോധന കർശനമാക്കി. നിർദേശങ്ങള്‍ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 മരുന്നുകടകള്‍ക്ക് നോട്ടീസ് നല്‍കി. ഒരു സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കി.

ഡ്രഗ്സ് കണ്‍ട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്ക്വാഡാണ് ഈ രഹസ്യ ഓപ്പറേഷൻ നടത്തുന്നത്. ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാത്തവിധമാണ് മരുന്നുകടകളെ നിരീക്ഷിക്കുന്നത്. തുടർ പരിശോധനകളും നടത്തുന്നു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാർമസികള്‍ സൂക്ഷിക്കണം. 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല' എന്ന പോസ്റ്റർ സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം.

എന്താണ് 'അമൃത്'

ആന്റി മൈക്രോബിയല്‍ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടല്‍ ഹെല്‍ത്ത് എന്നതിന്റെ ചുരുക്കമാണ് അമൃത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024-ല്‍ പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം.

അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കള്‍ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആന്റി മൈക്രോബിയില്‍ റസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ നിശ്ശബ്ദ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഈ പശ്ചാലത്തിലാണ് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള നടപടി ശക്തമാക്കുന്നത്.

വേണ്ടാ സ്വയം ചികിത്സ

ഒരിക്കലും സ്വയം ചികിത്സ വേണ്ടാ. ആന്റിബയോട്ടിക്കുകളുടെ ഡോക്ടർ നിർദേശിക്കുന്ന കോഴ്സ് പൂർത്തിയാക്കണം. മരുന്ന് അലക്ഷ്യമായി വലിച്ചെറിയുകയുമരുത്.

Post a Comment

Previous Post Next Post