ഗൂഗിളില്‍ തിരഞ്ഞ് മംഗ്‌ളൂരിലെ ആശുപത്രിയിലേക്ക് വിളിച്ചു; കണ്ണൂരിൽ യുവതിയുടെ ഒരു ലക്ഷം പോയി



കണ്ണൂർ:മംഗ്‌ളൂരിലുളള ആശുപത്രിയില്‍ അപ്പോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഗൂഗിളില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ് ആപ്പില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം 10 രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി അതില്‍ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കില്‍ കയറി പണം അടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.


ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമര്‍ കെയര്‍ നമ്പറോ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുക ആണെങ്കില്‍ അതിന്റെ അധികാരികത ഉറപ്പ് വരുത്തുന്നത് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അജ്ഞാത നമ്പറില്‍ നിന്ന് ലിങ്കില്‍ കയറി പണം അടക്കാന്‍ ആവശ്യപ്പടുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നും .സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്നും സൈബര്‍ പൊലിസ് അറിയിച്ചു.


മറ്റൊരു സംഭവത്തില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയ്യില്‍ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആദ്യം യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴി തട്ടിപ്പുകാര്‍ ഒരു ലിങ്ക് അയച്ച് നല്‍കി. യുവതി അതില്‍ കയറിയപ്പോള്‍ ഗൂഗിള്‍ മാപ്പിലേക്ക് എത്തുകയും അവര്‍ പറഞ്ഞതനുസരിച്ച് കുറച്ച് സ്ഥലങ്ങള്‍ക്ക് റേറ്റിങ് കൊടുത്തപ്പോള്‍ അതിനു പ്രതിഫലമായി കുറച്ച് പണം യുവതിക്ക് ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് അവര്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്നു പറഞ്ഞ് മോഹ നവാഗ്ദാനങ്ങള്‍ നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു.


ഇത് അനുസരിച്ച് യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കി. ട്രേഡിന് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവര്‍ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിങ്ങളുടെ ടാസ്‌ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം രൂപ കൂടി അയച്ചു തരണമെന്ന് പറയുകയായിരുന്നു. അപ്പോഴാണ് യുവതിക്ക് ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.


വാട്ട്‌സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും സൈബര്‍ പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുവ്യാപകമായ സാഹചര്യത്തില്‍ സൈബര്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എ.സി.പി ടി.കെ രത്‌നകുമാറിന്റെ മേല്‍നോട്ടത്തിലാണ് സൈബര്‍ വിങ് പ്രവര്‍ത്തിക്കുന്നത്.


Post a Comment

Previous Post Next Post