മുംബൈ: ലോകകപ്പ് മത്സരത്തില്‍ ഐതിഹാസിക നേട്ടവുമായി വിരാട് കോഹ് ലി. ഏകദിന സെഞ്ചുറിയിലും ഇനി ഒരേയൊരു 'രാജാവ്' കോഹ് ലി മാത്രം.
ഇതിഹാസ താരം സചിന്‍ ടെന്‍ഡുല്‍കറെ മറികടന്നാണ് സൂപര്‍ താരം വിരാട് കോഹ്‌ലി ചരിത്രനേട്ടം കൊയ്തത്.
ദക്ഷിണാഫ്രികക്കെതിരെ 49-ാം സെഞ്ചുറി നേടി സചിന്റെ ഏകദിന സെഞ്ചുറി റെകോഡിനൊപ്പമെത്തിയ കോഹ്‌ലി ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനലില്‍ 50 ശതകം തികക്കുന്ന ആദ്യ താരമാവുകയായിരുന്നു. 106 പന്തിലാണ് കോഹ്‌ലി 100 തികച്ചത്. 279 ഇന്നിങ്‌സുകളിലാണ് കോഹ്‌ലി ഇത്രയും സെഞ്ചുറി നേടിയത്. സചിന്‍ 452 ഇന്നിങ്‌സുകളിലാണ് (463 മത്സരം) 49 സെഞ്ചുറി നേട്ടത്തിലെത്തിയത്.
രോഹിത് ശര്‍മ (31), റികി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെകോഡും സചിനെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കി. 2003ലെ ലോകകപ്പില്‍ സചിന്‍ നേടിയ 673 റണ്‍സാണ് മറികടന്നത്. 11 ഇന്നിങ്‌സുകളിലായിരുന്നു സചിന്‍ ഇത്രയും റണ്‍സ് നേടിയതെങ്കില്‍ കോഹ്‌ലിക്ക് മറികടക്കാന്‍ വേണ്ടിവന്നത് 10 മത്സരങ്ങളാണ്.
49 സെഞ്ചുറിയുമായി തനിക്കൊപ്പമെത്തിയപ്പോള്‍ സചിന്‍ കോഹ്‌ലിക്ക് പ്രശംസയുമായി എത്തിയിരുന്നു. 'വിരാട് നന്നായി കളിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ 49ല്‍ നിന്ന് 50ലെത്തി എന്റെ റെകോഡ് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍' എന്നാണ് സചിന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനലില്‍ കോഹ്‌ലിയുടെ സെഞ്ചുറിയുടെയും ശുഭ്മാന്‍ ഗിലിന്റെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ച്വറികളുടെയും കാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പനടികളുടെയും കരുത്തില്‍ ഇന്‍ഡ്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. 44 ഓവറില്‍ ഇന്‍ഡ്യയ്ക്ക് കോഹ് ലിയുടെ വികറ്റ് നഷ്ടമാവുകയും ചെയ്തു. 117 റണ്‍സ് എടുത്താണ് കോഹ് ലി പുറത്തായത്.

Post a Comment