ചെറുപുഴ: മഴക്കാലത്തെ പതിവ് വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന് വിശ്വസിപ്പിച്ച ഏജന്റിന്റെ കെണിയില്‍ വീണ് ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍ വാങ്ങിയവര്‍ വെട്ടിലായി.
ഗുണനിലവാരം കുറഞ്ഞ ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍ വാങ്ങിയതിന് തൊട്ടുപിന്നാലെ കേടായതോടെ പണം നഷ്ടപ്പെട്ടത് ചെറുപുഴ പഞ്ചായത്തിലെ നിരവധി പേര്‍ക്കാണ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും നാല് മണിക്കൂര്‍ സമയം ബള്‍ബ് കത്തുമെന്നു വിശ്വസിപ്പിച്ചാണ് ഒരു സ്വകാര്യ കമ്ബനിയുടെ പ്രതിനിധി വിവിധയിടങ്ങളില്‍ ബള്‍ബുകള്‍ വിറ്റഴിച്ചത്. ഒരു ബള്‍ബിനു 190 രൂപയാണ് ഈടാക്കിയത്.
മഴക്കാലത്ത് വൈദ്യുതി വിതരണം സ്ഥിരമായി തടസ്സപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബള്‍ബുകള്‍ വാങ്ങിയവരുമുണ്ട്. കുടുംബശ്രീ യൂനിറ്റുകളെ മറയാക്കിയാണ് സ്വകാര്യ കമ്ബനിയുടെ പ്രതിനിധി വ്യാപകമായി ഇത്തരം ബള്‍ബുകള്‍ വിറ്റഴിച്ചത്. അതുകൊണ്ടുതന്നെ ബള്‍ബുകള്‍ വാങ്ങിയവരിലേറെയും വീട്ടമ്മമാരാണ്. മഴക്കാലത്തു മലയോരത്തു വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമായതിനാല്‍ വീട്ടമ്മമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. ഇതില്‍ നിന്നു താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നു കരുതിയാണു പലരും ബള്‍ബുകള്‍ വാങ്ങിയത്. വാങ്ങിയ ബള്‍ബുകള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു പലതും കത്തുന്നില്ലെന്നു മനസ്സിലായത്. കത്തിയവയാകട്ടെ വൈദ്യുതി നിലക്കുന്നതോടെ ഇരുട്ടിലാകുകയും ചെയ്യും.
ബള്‍ബിനു വാറന്റി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും വാറന്റി കാര്‍ഡ് നല്‍കാന്‍ ഏജന്റ് തയാറായില്ല. ബള്‍ബുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്നു പരാതി ഉയര്‍ന്നതോടെ ഈ മാസം 10ന് ഇവ മാറ്റി നല്‍കാമെന്നു കമ്ബനിയുടെ പ്രതിനിധി ഉറപ്പു നല്‍കിയതായി പറയുന്നു. എന്നാല്‍ ബള്‍ബുകള്‍ മാറ്റി നല്‍കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍, കോലുവള്ളി പ്രദേശങ്ങളിലെ നിരവധി വീട്ടമ്മമാരാണ് ഗുണനിലവാരമില്ലാത്ത ബള്‍ബുകള്‍ വാങ്ങി പറ്റിക്കപ്പെട്ടത്.

Post a Comment