സംസ്ഥാനത്തെ ചിലയിടങ്ങളില്‍ എഐ ക്യാമറകള്‍ ഊരിവച്ചു. ദേശീയപാത-66 പ്രവൃത്തി നടക്കുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ദേശീയപാതകളിലെ ക്യാമറകള്‍ ആണ് ഊരിവച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു ജില്ലകളില്‍ പ്രവൃത്തി നടക്കുന്നതിനനുസരിച്ച് ക്യാമറ ഊരിവെക്കാനാണ് നിര്‍ദേശം. റോഡില്‍ അതിവേഗക്കാരെ പിടിക്കുന്ന കേരള മോട്ടോര്‍വാഹനവകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറകളാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാത്തത്.
കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയിലെ പത്തോളം ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കി. ഇനി പുതിയ പാത വന്നതിനുശേഷം മാത്രമേ ഇത് പുനഃസ്ഥാപിക്കൂ. 2023 ജൂണ്‍ ഒന്നുമുതലാണ് സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ് ക്യാമറകള്‍ സ്ഥാപിച്ചത്. വിവിധ റോഡുകളില്‍ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളാണുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളാണുള്ളത്.
അതേസമയം സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്.
റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്നും ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്ബതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം.കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുളള സര്‍ക്കാരിന്‍റെയും മോട്ടോര്‍ വാഹനവകുപ്പിന്‍റെയും ശ്രമങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയാരോപണവും മറ്റൊരു തലമാണ്. ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ പ്രതിപക്ഷത്തിന് പോലും സംശയമില്ല. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്‍റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.
അതേസമയം എഐ ക്യാമറ നിയമലംഘനത്തിന് നോട്ടീസ് അയക്കുന്നതില്‍ പിഴവുകള്‍ സംഭവിക്കുന്നതായുള്ള പരാതികളും വ്യാപകമായി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കിടന്ന കാര്‍ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നോട്ടീസ് വന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്ബര്‍ വെള്ള ഹുണ്ടായ് ഇയോണ്‍ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്ബര്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവാണ് പ്രശ്‍നത്തിന് കാരണമെന്നാണ് സംശയം.

Post a Comment