കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ശാന്തിപുരം കൊഴിക്കുന്നേല്‍ ജിന്സിന് കമലാസനന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് അഞ്ച് ഫാമുകളിലെയും മുഴുവന്‍ പന്നികളെയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മറവു ചെയ്യാനും പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു.
രോഗബാധിത മേഖലയിലെ ഫെബിന് ബേബി മണയാണിക്കല്‍, റോയി മണയാണിക്കല്‍, ബിനോയ് ഏഴുപുരയില്‍, തോമസ് ചുരുവില്‍, ബാബു കല്ലോലില്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് മറ്റ് അഞ്ച് പന്നിഫാമുകള്‍. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെഎസ്ഇബി അധികൃതരും നല്‍കേണ്ടതാണ്. ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു.

Post a Comment