തിരുവനന്തപുരം അഞ്ചുദിവസം സംസ്ഥാന വ്യാപകമായി നാശംവിതച്ച മഴയുടെ തീവ്രത കുറഞ്ഞു. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടായെങ്കിലും തീവ്രതയ്ക്ക് ശമനമുണ്ടായി.
തെക്കൻ കേരളത്തില്‍ ഒറ്റപ്പെട്ട മഴയുണ്ടായി. ശനി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് (ശക്തമായ മഴ). മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും നേരിയ മഴ തുടരും.
തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. 4.2 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിലും ജാഗ്രത തുടരണം. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടിക്കാൻ പോകരുത്.
സംസ്ഥാനത്ത് നിലവില്‍ 203 ദുരിതാശ്വാസ ക്യാമ്ബിലായി 2340 കുടുംബത്തിലെ 7844 പേരാണുള്ളത്. പത്തനംതിട്ട (70), കോട്ടയം (69), ആലപ്പുഴ (39) എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്യാമ്ബുകള്‍. 32 വീട് പൂര്‍ണമായും 642 വീട് ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്താകെ 8898.95 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. 95.96 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 39,031 കര്‍ഷകരെ ബാധിച്ചു.
5 ദിവസം 292 മി.മീ. മഴ
കഴിഞ്ഞ അഞ്ചു ദിവസത്തില്‍ സംസ്ഥാനത്ത് 292 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കാസര്‍കോട് (511.9), കണ്ണൂര്‍ (457.7), എറണാകുളം (342.9), കോഴിക്കോട് (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്തും (120.8).
ഇടുക്കിയില്‍ 20.36 ശതമാനം
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇടുക്കിയില്‍ ജലനിരപ്പ് ഉയരാൻ തുടങ്ങി. ദിവസവും മൂന്നടി വീതമാണ് ഉയരുന്നത്. വെള്ളിയാഴ്ച 2316.08 അടിയിലെത്തി. വ്യാഴം 2313.36 ആയിരുന്നു. സംഭരണിയില്‍ ശേഷിയുടെ 20.36 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേദിവസം 45.19 ശതമാനമായിരുന്നു. പദ്ധതി പ്രദേശങ്ങളില്‍ 60 മി.മീറ്റര്‍ മഴ പെയ്തു. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം 21.98 ലക്ഷം യൂണിറ്റാണ്.
മഴക്കെടുതി; സംസ്ഥാനത്ത് 5 മരണം
മഴക്കെടുതിയില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച അഞ്ച് മരണം. തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
തൃശൂര്‍ ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ വീടിനടുത്ത ചാലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു. ചമ്മന്നൂര്‍ പാലയ്ക്കല്‍ വീട്ടില്‍ സനീഷി (കണ്ണൻ)ന്റെയും അശ്വനിയുടെയും മകള്‍ അതിഥിയാണ് മരിച്ചത്. സമീപത്തെ ബന്ധുവീട്ടില്‍ കളിക്കാൻ പോയി മടങ്ങുന്നതിനിടെ വെള്ളി രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. കുട്ടിയെ അന്വേഷിച്ചെത്തിയ അമ്മയാണ് കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നത് ആദ്യം കണ്ടെത്. ഉടൻ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. സഹോദരൻ: ആര്യൻ.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വെള്ളക്കെട്ടില്‍ വീണ് കര്‍ഷകത്തൊഴിലാളി മരിച്ചു. കോഴിക്കുളങ്ങര ബാബു (61) ആണ് മരിച്ചത്. വ്യാഴം വൈകിട്ടുമുതല്‍ ബാബുവിനെ കാണാനില്ലായിരുന്നു. തിരച്ചിലിനിടെയാണ് വെള്ളക്കെട്ടില്‍നിന്ന് മൃതദേഹം കിട്ടിയത്.
കണ്ണൂര്‍ പാനൂര്‍ ചെറുപ്പറമ്ബ് താഴോട്ടുംതാഴെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ചെറുപ്പറമ്ബ് കക്കാട്ടുവയല്‍ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ മുഹമ്മദ് സിനാനി (18)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴം വൈകിട്ടായായിരുന്നു അപകടം. പ്ലസ്ടു കഴിഞ്ഞ് ബിരുദ പ്രവേശനം കാത്തിരിക്കുകയായിരുന്നു മുഹമ്മദ് സിനാൻ. സുഹൃത്ത് കല്ലിക്കണ്ടി എൻഎഎം കോളേജ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് ഷഫാദിന്റെ മൃതദേഹം വ്യാഴാഴ്ചതന്നെ കിട്ടിയിരുന്നു.
മലപ്പുറം മഞ്ചേരി മുട്ടിയറയില്‍ തോട്ടില്‍ കാല്‍വഴുതി വീണ് ഒരാള്‍ മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറെ പറമ്ബില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധനാ (52)ണ് മരിച്ചത്. കഴിഞ്ഞ ദിവസം അമരമ്ബലം കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്.
കോഴിക്കോട് കൊയിലാണ്ടിയില്‍ കടലാക്രമണത്തില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി. വലിയമങ്ങാട് പുതിയ പുരയില്‍ പരേതനായ വേലായുധന്റെ മകൻ അനൂപി (35)നെയാണ് കാണാതായത്.
ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി മീത്തലെ പറമ്ബത്ത് വിജീഷിന്റെ (35) മൃതദേഹമാണ് വെള്ളി രാവിലെ 8.15ന് കണ്ടെത്തിയത്.

Post a Comment