അഭിമാനം വാനോളം; ചരിത്രം കുറിച്ച്‌ കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3, പ്രതീക്ഷകളോടെ രാജ്യം

 


ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച്‌ ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങിയത്.

ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാൻഡര്‍ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്.

ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. ഐഎസ്‌ആര്‍ഒയെ സംബന്ധിച്ച്‌ വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്‌ആര്‍ഒയുള്ളത്.

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച്‌ കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച്‌ കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡര്‍ വേര്‍പ്പെടുക.

Post a Comment

Previous Post Next Post