കണ്ണൂർ: നടുവിൽ ഗവ.പോളിടെക്നിക് കോളജ് ഉദ്ഘാടനം15ന് രാവിലെ 10.30ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നടുവിൽ ഗവ. പോളിടെക്നിക് കോളജ് യാഥാർഥ്യമാകുന്നത്.
ഓട്ടോമൊബൈൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മലബാർ മേഖലയിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ച് അനുവദിച്ച ഏക സർക്കാർ പോളിടെക്നിക് കോളജാണിത്. എഐസിടിഇയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ സർക്കാർ പോളിടെക്നിക് എന്ന പ്രത്യേകതയുമുണ്ട്.
ഇരിക്കൂർ മണ്ഡലത്തിലെ ആദ്യത്തെ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് നടുവിൽ പോളിടെക്നിക്. 2022ലാണ് പ്രവർത്തനാനുമതി ലഭിച്ചത്. 35ലധികം പുതിയ തസ്തികകൾ ഈ വർഷം അനുവദിച്ചു. ഫർണിച്ചറുകളും ഉപകരണങ്ങളടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയാണ് കോളജ് പ്രവർത്തനസജ്ജമായിരിക്കുന്നത്. മുൻ എംഎൽഎ കെ.സി.ജോസഫിന്റെ എംഎൽഎ ഫണ്ടും എ.കെ. ആന്റണിയുടെ എംപി ഫണ്ടും മറ്റു ഗവൺമെന്റ് പ്ലാൻ ഫണ്ടുകളും ഉൾപ്പെടെ എട്ടുകോടിയിലധികം രൂപ കെട്ടിട നിർമാണത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ലഭ്യമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ മുഖ്യാതിഥികളായിരിക്കും. പത്രസമ്മേളനത്തിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, പ്രിൻസിപ്പൽ കെ.എം. ഷിഹാബുദീൻ, ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് വി. പുരുഷോത്തമൻ, സ്പെഷ്യൽ ഓഫീസർ എം.സി. പ്രകാശൻ എന്നിവരും പങ്കെടുത്തു.

Post a Comment