കണ്ണൂർ: പകർച്ചപനി വ്യാപകമായതോടെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സതേടിയെത്തിയത് 12,351 പേർ. ജൂലൈ രണ്ട് മുതൽ 15 വരെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിലും ദിനം പ്രതി ആയിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സതേടുന്നത്.
കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്. മലയോര പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്പോള്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.
ഡെങ്കിയും എലിപ്പനിയും
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ജില്ലയിൽ 19 പേർക്ക് ഡെങ്കിപ്പനിയും മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒടുവള്ളിത്തട്ട്, മട്ടന്നൂർ, മയ്യിൽ, പാട്യം, തില്ലങ്കേരി, മോറാഴ, കൂത്തുപറന്പ്, ചപ്പാരപ്പടവ്, മലപ്പട്ടം എന്നീ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Post a Comment