മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി

 


കായംകുളം: ഡോ. മിനി ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് മികച്ച ഡോക്ടർക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവെ. ഞായറാഴ്ച രാത്രി കൊല്ലം കടവൂർ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഡോ. മിനി ഉണ്ണികൃഷ്ണനെ കൂടാതെ കണ്ടല്ലൂർ സ്വദേശിയായ ഡ്രൈവർ സുനിലുമാണ് മരിച്ചത്.


ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ നെയ്യാറ്റിൻകരയിൽ നടന്ന ഓഡിയോ - മീഡിയാ ചടങ്ങിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷം മടങ്ങവേയാണ് ദുരന്തമുണ്ടായത്.


നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഒന്നുരണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഇവരൊടൊപ്പമുണ്ടായിരുന്ന മിനിയുടെ മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സാൻസ്കൃതിയ്ക്കും പരിക്കേറ്റു.


സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്ന ഡോ. മിനി പുരസ്കാരം വാങ്ങുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പ്രഗത്ഭ ഹോമിയോ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ മിനി ഉണ്ണികൃഷ്ണൻ പുതിയവിള പട്ടോളിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയാണ്.

Post a Comment

Previous Post Next Post