ആലക്കോട്:പന്ത്രണ്ടുവര്‍ഷം മുന്‍പ് മഴക്കാലത്ത് രയരോം പുഴയുടെ നെടുവോട് കടവില്‍ തള്ളിയ നിലയില്‍ കണ്ടെടുത്ത കീടനാശിനിശേഖരം ആലക്കോട് പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും കളമശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് കമ്ബനിയിലേക്ക് മാറ്റി.കാലപ്പഴക്കം ചെന്ന വീപ്പകളില്‍ സൂക്ഷിച്ച കീടനാശിനികള്‍ നീക്കാത്തതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ് പ്രസിഡന്റ് പി.സി.ആയിഷ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ വൈകിട്ടാണ് കീടനാശിനിശേഖരം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.
2010ലാണ് വലിയ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവം നടന്നത്. കീടനാശിനി പുഴയില്‍ കണ്ടെത്തിയ വിവരം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഭോപ്പാലില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ വിദഗ്ധരും ദുരന്തസേനയും ബോട്ടുമായി നേവിയുടെ മുങ്ങല്‍ വിദഗ്ധരും എത്തിയാണ് ഇവ ശേഖരിച്ചത്.
ശക്തമായ മലവെള്ളത്തില്‍ കുത്തിയൊഴുകി പോകുമെന്ന ധാരണയില്‍ ചിലര്‍ അര്‍ദ്ധ രാത്രി പിക്കപ്പ് വാനില്‍ കൊണ്ടുവന്ന് നെടുവോട് കടവില്‍ കീടനാശിനി തള്ളുകയായിരുന്നു. കീടനാശിനി നീക്കാത്തതിനെ തുടര്‍ന്ന് പൗരാവകാശസമിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വീപ്പകള്‍ പരിശോധിച്ചിരുന്നു. ആലക്കോട് പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

Post a Comment