ആലക്കോട്: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ വീണ്ടും ബസുകള്‍ കയറിത്തുടങ്ങി.
മൂന്ന് പതിറ്റാണ്ട് മുമ്ബ് ഉദ്ഘാടനം ചെയ്ത ബസ്സ് സ്റ്റാന്‍ഡില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കാല്‍ നൂറ്റാണ്ടിലേറെയായി ബസ്സുകള്‍ കയറിയിരുന്നില്ല. പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടേയ്ക്കുള്ള സര്‍വീസ് ഒഴിവാക്കിയതിനെത്തുടര്‍ന്ന് ബസ്സ് സ്റ്റാന്‍ഡില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ മിക്കവരും നഷ്ടം സഹിക്കാനാവാതെ സ്ഥാപനങ്ങള്‍ പൂട്ടുകയും ഇവിടം ഏറെക്കുറേ വിജനമാകുകയും ചെയ്തു.
ആലക്കോട് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ടൗണ്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം വിളിക്കുകയും ബസ് സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും കയറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ആലക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നത് നാട്ടുകാര്‍ക്കും ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. പഞ്ചായത്ത് ജീവനക്കാര്‍, പൊലീസ്, ടൗണ്‍ വികസന സമിതി തുടങ്ങിയവര്‍ കൊടും വെയിലിനെ വകവെക്കാതെ റോഡില്‍ ജാഗ്രതയോടെ നിലകൊണ്ടു. ബസ് സര്‍വ്വീസ് സാധാരണ നിലയില്‍ ആകുന്നതുവരെ ബന്ധപ്പെട്ടവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സേവനം തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Post a Comment