ബംഗളൂരു: ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയില്‍വേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേര്‍ന്നാണ് ഡ്രം കണ്ടെത്തിയത്.
മൂന്ന് പേര്‍ ചേര്‍ന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയില്‍വെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയില്‍ പ്രായമുള്ളവരാണ്. പരമ്ബര കൊലപാതകത്തിലേക്കാണ് സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീര്‍ത്തും അഴുകിയ നിലയില്‍ ഡ്രമ്മിലാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. ഡിസംബര്‍ രണ്ടാം ആഴ്ചയിലാണ് ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനുവരി നാലിനാണ് യശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്താണ് നീല ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നാണ് ഈ മൃതദേഹം യശ്വന്ത്പൂരിലെത്തിച്ച് ഉപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Post a Comment