ആലക്കോട്: ആലക്കോട് ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ നിർബന്ധമായും കയറ്റാൻ ആലക്കോട് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കെഎസ്ആർടിസി അടക്കം ആലക്കോട് വഴി രാവിലെ എട്ടു മുതൽ രാത്രി ഏഴുവരെ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറ്റണമെന്ന് യോഗം നിർദേശിച്ചു.
ടൗണിൽ നിലവിലുള്ള എല്ലാ ബസ് സ്റ്റോപ്പുകളും അതേപടി നില നിർത്തിക്കൊണ്ടാണ് ബസുകൾ സ്റ്റാൻഡിലേക്കും സർവീസ് നടത്തേണ്ടത്. ന്യൂബസാറിലെ മെയിൻ റോഡിൽ നിന്ന് സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്തതിനു ശേഷം ഇതു വഴി തന്നെ തിരിച്ച് തളിപ്പറമ്പ്, ചെറുപുഴ, മണക്കടവ് ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകണം.
ടൗണിൽ കൂടുതൽ സമയം നിർത്തിയിടുന്ന ബസുകൾ ഇത് ഒഴിവാക്കി പാർക്കിംഗ് നിർബന്ധമായും സ്റ്റാൻഡിലാക്കണം. സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിന്റെ ഇരുവശത്തുമുള്ള പാർക്കിംഗ് നിരോധിച്ചു . ടൗണിലെ മെയിൻ റോഡിൽ 20 മിനിട്ടിൽ കൂടുതൽ സമയം നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ആർടിഒ, ആലക്കോട് സിഐ, എസ്ഐ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, ബസ് ഉടമ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 30 വർഷം മുമ്പ് നിർമിച്ച ബസ് സ്റ്റാൻഡിൽ ഇതുവരെ ബസുകൾ കയറാത്ത പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

Post a Comment