ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായ ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യൻ മണ്ണിൽ. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് തുറന്നുവിട്ടത്.
ഇന്ത്യയിൽ ചീറ്റയ്ക്ക് വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. 1947ലാണ് ഇന്ത്യയിലെ അവസാന ചീറ്റ ചത്തത്. ഈ വർഷം ജൂലൈ 20നു നമീബിയയുമായി കരാർ ഒപ്പുവച്ചു. അഞ്ചു പെൺചീറ്റകളും മൂന്ന് ആൺചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്.
നമീബിയയിൽനിന്നു പ്രത്യേക വിമാനത്തിലാണു ചീറ്റകളെ കൊണ്ടുവന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 8.30നു പുറപ്പെട്ട വിമാനം ശനിയാഴ്ച രാവിലെ ഗ്വാളിയറിലെത്തി. അവിടെനിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലെത്തിക്കുകയായിരുന്നു.
നമീബിയയിൽനിന്നു രാജസ്ഥാനിലെ ജയ്പുരിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പെൺചീറ്റകൾക്ക് രണ്ടിനും അഞ്ചിനും ഇടയിലാണു പ്രായം. ആൺചീറ്റകൾ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിൽ പ്രായമുള്ളവരാണ്. ലോകത്താകെ 7000ന് താഴെ ചീറ്റപ്പുലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.


Post a Comment