തിരുവനന്തപുരം:കേരളത്തില്‍ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-- ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്) ഉദ്ഘാടനത്തിന് സജ്ജമായി.
‘ഒരു നിയോജകമണ്ഡലത്തില്‍ നൂറ് പാവപ്പെട്ട വീട്’ പദ്ധതിയില്‍ 4000 കുടുംബത്തിന് ഇപ്പോള്‍ കണക്ഷന്‍ നല്‍കും. ആകെ 14,000 വീട്ടിലാണ് എത്തുക. അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക 20നു മുമ്ബ് തദ്ദേശ സ്ഥാപനങ്ങള്‍ കെ–- ഫോണിന് കൈമാറും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍സ്റ്റലേഷന്‍ നേരത്തേ കഴിഞ്ഞു. 8000 ഓഫീസില്‍ കണക്ഷന്‍ നടപടിയായി. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി വണ്‍ ലൈസന്‍സും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡിങ് ലൈസന്‍സും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പദ്ധതിയുടെ 83 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു. ധനസമ്ബാദനം സംബന്ധിച്ചും സേവനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാനും സെക്രട്ടറിതല സമിതി രൂപീകരിച്ചു. പദ്ധതിക്ക് 476.41 കോടി രൂപ ചെലവഴിച്ചു. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് നടത്തിപ്പുചുമതല.
കേരളത്തിന്റെ സ്വപ്നപദ്ധതി പൂര്‍ത്തിയാകുന്നതോടെ പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം വീട്ടിലും 30,000 സര്‍ക്കാര്‍ ഓഫീസിലും മികച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കും. ഇതോടെ ഡിജിറ്റല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും. 8551 കിലോമീറ്റര്‍ അടിസ്ഥാന കേബിളും 26,410 കിലോമീറ്റര്‍ കണക്ഷന്‍ കേബിളുകളുമാണ് സ്ഥാപിച്ചത്. റോഡ് വീതികൂട്ടുന്ന അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമായിരുന്നു തടസ്സം.

Post a Comment