ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് പരിധിയിൽ കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കാട്ടാന ശല്യം തടയാൻ നിർമിക്കുന്ന സൗരോർജ തൂക്ക് വേലിയുടെ (സോളാർ ഹാഗിംഗ് ഫെൻസിംഗ്) പണി ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം പണി തുടങ്ങും. തൂക്കുവേലിയുടെ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിലെ കാട് തെളിക്കുന്ന പ്രവൃത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കിയിരുന്നു.
ആനപ്പാറ മുതൽ
വഞ്ചിയം വരെ
ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ദൂരമാണ് സൗരോർജ തൂക്ക് വേലി നിർമിക്കുന്നത്. 55 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്. ജില്ലാ പഞ്ചായത്തും പയ്യാവൂർ പഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ തുക വനംവകുപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്ക് വേലിയാണിത്.
15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 10 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് തൂക്ക് വേലികൾ ഒരുക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തിൽ നിർമിച്ചിട്ടുള്ള തൂക്ക് വേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടതാണ് പയ്യാവൂരിലും വേലി നിർമിക്കാൻ പ്രചോദനമായത്. കേരള സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. അടുത്ത ദിവസം പയ്യാവൂർ പഞ്ചായത്തും വനം വകുപ്പും നിർമാണ ഏജൻസിയുമായി കരാർ ഒപ്പിടും.
കാട്ടാനകളുടെ വിളയാട്ടം
വർഷങ്ങളായി നറുക്കുംചീത്ത, ഷിമോഗ കോളനി, ഒന്നാംപാലം, പാടാംകവല, ആടാംപാറ മേഖലകളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വിളയാട്ടമാണ്. അതിർത്തിയോട് ചേർന്ന ചിറ്റാരിയിലും തേനങ്കയത്തും പരിസര പ്രദേശങ്ങളിലുമാണ് മുമ്പ് കാട്ടാന ശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏലപ്പാറ വഴി ആടാംപാറ, വഞ്ചിയം പ്രദേശങ്ങളിലേക്കും ഇറങ്ങി നാശം വിതക്കുകയാണ്. കൂട്ടമായെത്തുന്ന കാട്ടാനകൾ തെങ്ങുകളും റബറുകളും ഉൾപ്പെടെ ചവിട്ടി മെതിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. കശുവണ്ടി സീസണാണെങ്കിലും പകൽ സമയങ്ങളിൽ പോലും വന്യമൃഗങ്ങൾ വിഹരിക്കുന്നതിനാൽ കശുവണ്ടികൾ ശേഖരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കശുമാങ്ങകൾ ഭക്ഷിക്കുന്നതിനായി കൊമ്പുകൾ കുലുക്കുന്നതിനാൽ പല തോട്ടങ്ങളിലും പച്ചണ്ടികളും പൂവും ചിതറി നശിച്ച നിലയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പല പ്രദേശങ്ങളിലും വെള്ളം ശേഖരിക്കാൻ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. പകൽ സമയങ്ങളിൽ കാട്ടാനകളുടെ മുന്നിൽ അകപ്പെടുന്നവർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
ആക്രമണം വീടുകൾക്ക് നേരെയും
കൃഷിയിടങ്ങൾക്ക് പുറമേ വീടുകൾക്ക് നേരെയും വന്യ മൃഗങ്ങളുടെ അക്രമണം ഉണ്ടാവുന്നത് പതിവാണ്. രണ്ട് വർഷം മുമ്പാണ് പാടാംകവലയിലെ ഇരുപ്പുമല റോസമ്മ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2020 ജനുവരിയിൽ ഷിമോഗയിലെ ഐപ്പൻപറമ്പിൽ അജേഷി ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. വനാന്തരങ്ങളിലെ ഒറ്റപ്പെട്ട വീടുകളിൽ കർഷകർ ഭീതിയോടെയാണ് കഴിയുന്നത്
2019 ജൂണിൽ നറുക്കുംചീത്തയിലെ പുളിക്കത്തടത്തിൽ ചന്ദ്രന്റെ കിണറിൽ കാട്ടാന വീണിരുന്നു. തുടർന്ന് ആനയെ പുറത്തെത്തിക്കാനെത്തിയ വനപാലകരേയും പോലീസിനേയും കാട്ടാന ശല്യം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മലയോര മേഖലയിലെ കാട്ടാന ശല്യം തടയാൻ കേരള-കർണാടക വനാതിർത്തിയിൽ ചുറ്റുമതിൽ ഉൾപ്പെടെ സ്ഥാപിക്കാനും മലയോരം കേന്ദ്രമായി പുതിയ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെടുമെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും തുടർ നടപടിയൊന്നുമുണ്ടായില്ല.
2020 മാർച്ചിൽ പയ്യാവൂർ പഞ്ചായത്ത് മുൻ അംഗം സജൻ വെട്ടുകാട്ടിലിന്റെ നറുക്കുംചീത്തയിലെ കൃഷിയിടത്തിൽ പിടിയാന അകപ്പെട്ടിരുന്നു. ഇടുപ്പെല്ലിലും നട്ടെല്ലിനും പരിക്കേറ്റ് അവശനിലയിലായ ആനയെ വനത്തിനുള്ളിലേക്ക് കയറ്റിവിടാൻ കഴിയാത്ത അവസ്ഥയായതിനാൽ ചികിത്സയ്ക്കായി മുത്തങ്ങയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലോറിയിൽ വച്ച് ചെരിയുകയും ചെയ്തിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മലയോരത്ത് തൂക്ക് വേലി സ്ഥാപിക്കുമെന്ന് അന്നത്തെ വനം മന്ത്രി കെ. രാജു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുൻകൈയെടുത്ത് വനാതിർത്തിയിൽ സൗരോർജ തൂക്ക് വേലി നിർമിക്കാൻ തീരുമാനിച്ചത്. മലയോര മേഖലയിലെ കൃഷിയിടങ്ങളിലെ വർഷങ്ങളായുള്ള കർഷകരുടെ കണ്ണീരൊപ്പാൻ സൗരോർജ തൂക്ക് വേലി നിർമാണം പൂർത്തിയാകുന്നതോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വന്യമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ സൗരോർജ തൂക്കുവേലി
Post a Comment