സ്വകാര്യ ബസ്സുകള്‍ക്ക് നികുതിയില്‍ വൻ ഇളവ്; 20 ലക്ഷം വരെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു


തിരുവനന്തപുരം | സംസ്ഥാന ബജറ്റില്‍ ഗതാഗത മേഖലയെ സഹായിക്കുന്നതിനായി നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്.
പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം.
കേരളത്തിലേക്ക് കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തിക്കുന്നതിനും അന്തർസംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിനും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറച്ചു. സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ എന്ന നിരക്ക് 900 രൂപയായും, സ്ലീപ്പർ ഒന്നിന് 3000 രൂപ എന്ന നിരക്ക് 1500 രൂപയായും കുറച്ചു. ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർദ്ധിപ്പിക്കുന്നതിനായി ത്രൈമാസ നികുതി സ്ലാബുകള്‍ ഏകീകരിച്ചു. 20 ടണ്ണിന് മുകളില്‍ ഭാരമുള്ള ട്രെയിലറുകളുടെ അധിക നികുതി ഒഴിവാക്കി, 15 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് പരിഷ്കരിച്ചു.

ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിലും മാറ്റം വരുത്തി. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 3 ശതമാനമായും, 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ളവയുടെ നികുതി 8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും കുറച്ചു. എന്നാല്‍ 40 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. മറ്റു നികുതി നിരക്കുകളില്‍ മാറ്റമില്ല. ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ വില പരിധി 7 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി. ഈ ചെല്ലാൻ ആംനസ്റ്റി പദ്ധതി വഴി 50 ശതമാനം പിഴയടച്ച്‌ ചെല്ലാനുകള്‍ തീർപ്പാക്കാനും അവസരമുണ്ട്.
രജിസ്ട്രേഷൻ വകുപ്പില്‍ 1987 മുതല്‍ 2023 വരെയുള്ള 703 കോടി രൂപയുടെ മുദ്രവില അണ്ടർവാലുവേഷൻ കേസുകള്‍ തീർപ്പാക്കാൻ വണ്‍ ടൈം സെറ്റില്‍മെന്റ് സ്കീം നടപ്പിലാക്കും. 2010 മാർച്ച്‌ 31 വരെയുള്ള കേസുകളില്‍ 10,000 രൂപയില്‍ താഴെയുള്ള ബാധ്യതകള്‍ എഴുതിത്തള്ളും. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്റററി അതോറിറ്റി രജിസ്റ്റർ ചെയ്ത വില്ലകള്‍ക്ക് ഫ്ലാറ്റുകള്‍ക്ക് സമാനമായ മുദ്രവില ആനുകൂല്യം ലഭിക്കും. അപ്പീല്‍ നടപടികള്‍ പൂർത്തിയായി 60 ദിവസത്തിനകം മുദ്രവില അടയ്ക്കാത്തപക്ഷം പ്രതിമാസം ഒരു ശതമാനം പലിശ ഈടാക്കും.

Post a Comment

Previous Post Next Post