കളറാവട്ടെ സ്കൂള്‍....'കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ'; ആഘോഷ ദിനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം : സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി.ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്ബാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരില്‍ നടന്നത്‌. സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ പുതിയ സമയക്രമം നിലവില്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ മാറ്റവുമായി മന്ത്രി രംഗത്ത് വരുന്നത്. പുത്തൻ സമയ പ്രകാരം എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടി.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവർത്തിസമയം. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. സ്കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.
തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ ഹൈസ്കൂളില്‍ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളില്‍ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്. സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post