വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്തുപറയാൻ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഒരു കണക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്കൂളുകളിലും ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടികളില്‍ കുട്ടികള്‍ക്ക് പേരെഴുതാതെ തന്നെ അവരുടെ അനുഭവങ്ങളും ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താം. ഹെഡ്മാസ്റ്റർ പരാതിപ്പെട്ടി ആഴ്ചതോറുമോ മാസത്തിലോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും സർക്കാരിനെ അറിയിക്കുകയും ചെയ്യണം. മന്ത്രി അറിയിച്ചു.കുട്ടികളുടെ സംരക്ഷണം ക്ലാസ് ടീച്ചർമാർ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കുട്ടിയെക്കുറിച്ചും ക്ലാസ് ടീച്ചർമാർക്ക് ഏകദേശം ധാരണയുണ്ടാകും. കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
Post a Comment