കോതമംഗലം: ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും.അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തി വിവരങ്ങള്‍ തേടും.
പെണ്‍കുട്ടിക്ക് ആണ്‍സുഹൃത്തായ റമീസില്‍ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകള്‍ക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പില്‍ പറമ്ബില്‍ റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ റമീസിന്‍റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയില്‍ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കൂടാതെ, റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് ചോദ്യംചെയ്യും. ഇരുവരെയും കേസില്‍ പ്രതികളാക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും. പെണ്‍കുട്ടിയുടെ കൂടുതല്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റെമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കില്‍ മതം മാറണമെന്നു റെമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Post a Comment