ആലക്കോട്: സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും സ്‌മാർട്ടാകുന്പോള്‍ വെള്ളാട് സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം നീണ്ടു പോകുന്നു.നിർമാണത്തിന് അനുമതി നല്‍കി തുകയും അനുവദിച്ച് വർഷം ഒന്നര കഴിഞ്ഞിട്ടും പ്രവൃത്തി അനന്തമായി നീളുകയാണ്. ടെൻഡർ നല്‍കിയ ശേഷം എസ്റ്റിമേറ്റ് പുതുക്കിയതാണ് നിർമാണം നീണ്ടു പോകാൻ കാരണം. അപകടാവസ്ഥയിലായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം ഒഴിവാക്കി വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.
എസ്റ്റിമേറ്റ് പ്രകാരം 50 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കെട്ടിടനിർമാണത്തിന് അനുവദിച്ചത്. 48 ലക്ഷം രൂപയ്ക്ക് ടെൻഡർ എടുക്കുകയും ചെയ്തു. എന്നാല്‍ തുക കുറവാണെന്നും എസ്‌റ്റിമേറ്റ് കൂട്ടണമെന്നുമാണ് കരാറുകാരന്‍റെ ആവശ്യം. കെട്ടിടം നിർമിക്കേണ്ട സ്ഥലത്തിന് സമീപം പുഴയും താഴ്ന്ന പ്രദേശവും ഉള്ളതിനാല്‍ ഫൗണ്ടേഷൻ ഉയർത്താനായി എട്ടു ലക്ഷം അധികം വേണമെന്നാണ് ആവശ്യം.
അതിനാല്‍ 58 ലക്ഷം രൂപയുടെ പുതിയ എസ്‌റ്റിമേറ്റ് തയാറാക്കി നല്‍കിയിരിക്കുകയാണ്. 50 ലക്ഷം രൂപ അനുവദിക്കുകയും പുതിയ എസ്‌റ്റിമേറ്റില്‍ 58 ലക്ഷം രൂപ വരികയും ചെയ്‌ത സാഹചര്യത്തില്‍ ചുറ്റുമതില്‍, ഗേറ്റ്, ഇന്‍റർലോക്, ബോർവെല്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് നിർമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിർമാണത്തിന് ആവശ്യമായ സാമഗ്രികള്‍ മലയോരത്ത് യഥേഷ്ടം ഉള്ളപ്പോള്‍ കെട്ടിടം നിർമിക്കുന്നതിന് വലിയ തുകയാണ് എസ്‌റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.
Post a Comment