ദില്ലി:ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബില്‍ നാളെ ലോക്സഭയില്‍ കൊണ്ടുവന്നേക്കും.
ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്.
2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
Post a Comment