ഹോം സ്റ്റേകളും ഹോട്ടലുകളും ഒലിച്ചുപോയി; നാലു മരണം, 50 പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം


ഉത്തരാഖണ്ഡില്‍ ശക്തമായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു.
അൻപതിലേറെപ്പേരെ കാണാതായി. ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ദുരന്തത്തില്‍പ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പകർത്തിയ ദൃശ്യങ്ങളില്‍നിന്നുതന്നെ സംഭവത്തിന്റെ ഭയാനകത ബോധ്യപ്പെടും. കുന്നിൻമുകളില്‍നിന്ന് പൊടുന്നനെയുണ്ടായ അതിശക്തമായ ജലപ്രവാഹം, നിരവധി കെട്ടിടങ്ങളെയും സസ്യജാലങ്ങളെയും തകർക്കുകയും ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു .ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. ഹർഷിലിലെ കരസേനയുടെ ക്യാമ്ബിലേക്ക് ഇവിടെ നിന്ന് കഷ്ടിച്ച്‌ നാല് കിലോമീറ്റർ ദൂരമേയുള്ളൂ. അതിനാല്‍ തന്നെ മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ സൈന്യത്തിന്റെ 150 പേരടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളില്‍ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
ഹർസില്‍ മേഖലയിലെ ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനമാണ് ദുരന്തത്തിന് കാരണമായെന്നാണ് വിവരം. സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടർച്ചയായി പെയ്യുന്ന മഴയും റോഡുകള്‍ തടസ്സപ്പെട്ടതും ദുരിതാശ്വാസപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. അതേസമയം കാണാതായവർക്കായുള്ള തിരച്ചില്‍ ഊർജിതമായി നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post