ഈ വഴി പോകല്ലേ; ഗതാഗതം സ്‌തംഭിച്ചിട്ട് 15 -ാം മണിക്കൂര്‍, രോഗികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: എറണാകുളം - തൃശൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് 15-ാം മണിക്കൂറിലേക്ക്. രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ ദുരിതത്തില്‍പ്പെട്ടിരിക്കുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരമായിട്ടില്ല.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ പെയ്യുന്നതും സാഹചര്യം മോശമാക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡിലുള്ളത്. ഇന്ധനനഷ്‌ടവും ഉണ്ടാകുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ളവരും ആശുപത്രിയില്‍ പോകേണ്ടവരും മരണാനന്തര ചടങ്ങുകളില്‍ എത്തേണ്ടവരും ഉള്‍പ്പെടെയുള്ളവർ ഗതാഗതക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.
ഇന്നലെ രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് സർവീസ് റോഡില്‍ മരംകയറ്റിവന്ന ഒരു ലോറി കുഴിയില്‍ വീണ് മറിഞ്ഞിരുന്നു. തടിക്കഷ്‌ണങ്ങള്‍ റോഡിലേക്ക് വീണതോടെ രാത്രി എട്ടുമണി മുതല്‍ ഇന്ന് പുലർച്ചെ വരെ ഗതാഗത തടസം നേരിട്ടിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നായിരുന്നു തടിക്കഷ്‌ണങ്ങള്‍ നീക്കം ചെയ്‌തത്. അപകടത്തിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.
റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കുന്നത്. മേല്‍പ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്ബോള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്. എന്നാല്‍, ഈ സർവീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവയ്‌ക്കുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞതാണ് പല സർവീസ് റോഡുകളും.

Post a Comment

Previous Post Next Post