ഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയപാതയില്‍ 12 മണിക്കൂർ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്ബനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി.
കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോയെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. റോഡിന്‍റെ അവസ്ഥ എത്ര പരിതാപകരമാണ്, അതാണ് പ്രധാന പ്രശ്‌നമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു.
ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത തടസം ഉണ്ടായതെന്നു ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർമേത്ത മറുപടി നല്‍കി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രൻ പറഞ്ഞു.
Post a Comment