കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്ബ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.
അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയില്‍ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിനു ശേഷം തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്‍റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നില്‍ക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Post a Comment