എയര്‍ഇന്ത്യ വിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു; അന്വേഷണം പ്രഖ്യാപിച്ചു

ഡല്‍ഹി: അഹമ്മദാബാദ് വിമാനം ദുരന്തം നടന്നതിന് പിന്നാലെ എയര്‍ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി വിവരം.സംഭവത്തെ തുടര്‍ന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.

ജൂണ്‍ 14ന് പുലര്‍ച്ച 2:56ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എഐ-187 ബോയിംഗ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികള്‍ സ്വീകരിച്ച്‌ സുരക്ഷിതമായി യാത്ര തുടര്‍ന്നെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടര്‍ന്ന് ഒമ്ബത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

"പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റിക്കാര്‍ഡുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്'. എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post