അധ്യയന വര്‍ഷം എത്ര കുട്ടികള്‍?; കണക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സിലബസ് അനുസരിച്ച്‌ അധ്യയനം നടത്തുന്ന സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ആറാം പ്രവൃത്തിദിനമായ ഇന്ന് നടക്കും.
കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതും ഇരട്ടിപ്പും ഒഴിവാക്കാൻ സ്ഥിരം ആധാർ നന്പർ (യുഐഡി) അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും തസ്തിക നിർണയം നടത്തുക. സാധുവായ യുഐഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സന്പൂർണ പോർട്ടല്‍ വഴിയാണ് ശേഖരിക്കുന്നത്. വൈകുന്നേരം അഞ്ചു വരെയാണ് സന്പൂർണയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താൻ കഴിയുക. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 15 നകം തസ്തിക നിർണയം പൂർത്തിയാക്കും.

യുഐഡി ഇല്ലാത്തതിന്‍റെ പേരില്‍ ഒരു കുട്ടിക്കും സ്കൂള്‍ പ്രവേശനമോ യൂണിഫോം, ഉച്ചഭക്ഷണം, സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളോ നിഷേധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ലോവർ പ്രൈമറി (എല്‍പി) തലത്തില്‍ അധികഭാഷ (അറബിക്, കൊങ്ങിണി) പഠിക്കുന്നവരുടെയും മറ്റു ക്ലാസുകളില്‍ പാർട്ട് ഒന്ന്, പാർട്ട് രണ്ട്-മലയാളം, അറബിക്, സംസ്കൃതം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി എന്നിവ പഠിക്കുന്നവരുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തണം. പിന്നീട് തിരുത്താൻ കഴിയില്ല. യുഐഡി സാധുവാണോയെന്ന് ഉറപ്പാക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ഡിവിഷൻ നഷ്ടമായാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കായിരിക്കും.

യുഐഡി ലഭ്യമാകുന്നതിന് നിലവില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ല. സംസ്ഥാനത്തെ യുഐഡി ഏജൻസികളുമായി സംസാരിച്ചിരുന്നു. രേഖകള്‍ കൃത്യമാണെങ്കില്‍ യുഐഡി ലഭിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞു.

Post a Comment

Previous Post Next Post