കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചുവച്ചത് കര്‍മം ചെയ്യാൻ; അനിഷ ബന്ധത്തില്‍ നിന്ന് പിന്മാറിയത് പകയ്ക്ക് കാരണമായി


തൃശൂര്‍: പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ എസ്പി ബി.കൃഷ്ണകുമാര്‍ വ്യക്തമാക്കി.

രണ്ടാമത്തെ കുഞ്ഞിന്‍റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. കാമുകന്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫോറന്‍സിക് സര്‍ജന്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് അസ്ഥികള്‍ കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധന നടത്തും.

സംഭവത്തില്‍ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഭവിന്‍ (25), കാമുകി അനീഷ (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവിച്ച്‌ നാലുദിവസങ്ങള്‍ക്കുള്ളിലാണ് കുഴിച്ചിട്ടതെന്ന് പോലീസ് പറയുന്നു. രണ്ടാമത്തെ കുഞ്ഞും മരിച്ചാണ് ജനിച്ചതെന്ന അനീഷയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. 2021 നവംബര്‍ 6 ആറിനായിരുന്നു ആദ്യ പ്രസവം.

യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. കുട്ടി പ്രസവത്തോടെ മരിച്ചുവെന്നും തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോള്‍, ദോഷം തീരുന്നതിന് കര്‍മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനീഷ കുഞ്ഞിന്‍റെ അസ്ഥി പെറുക്കി ഭവിനെ ഏല്‍പ്പിച്ചു.

ഇതിനിടെ രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ പ്രസവം നടന്നത്. വീട്ടിലെ മുറിയിലായിരുന്നു പ്രസവം. പ്രസവിച്ചയുടന്‍ കുഞ്ഞ് കരഞ്ഞപ്പോള്‍, അയല്‍വാസികള്‍ അടക്കം കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുമെന്ന ആശങ്കയില്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നല്‍കിയെന്നാണ് സൂചന.

തുടര്‍ന്ന് ഈ മൃതദേഹവും കുഴിച്ചിട്ടു. പിന്നീട് ഈ കുഞ്ഞിന്‍റെ അസ്ഥിയും പെറുക്കിയെടുത്ത് ദോഷ പരിഹാര കര്‍മങ്ങള്‍ക്കായി ഭവിനെ ഏല്‍പ്പിച്ചു. അസ്ഥിക്കഷണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കിയാണ് യുവാവ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

മദ്യത്തിന് അടിമയായ ഭവിനുമായി ഇടക്കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു. ഭവിനുമായി വിവാഹബന്ധം അനീഷ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ അനീഷ മറ്റൊരു ഫോണ്‍ കണക്ഷന്‍ എടുക്കുകയും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇയാളെ വിവാഹം കഴിക്കാനും അനീഷ തീരുമാനിച്ചു.

ഇക്കാര്യം അറിഞ്ഞ ഭവിന്‍ അനീഷയുമായി വഴക്കുണ്ടാക്കി. തന്നോടൊപ്പം ജീവിക്കാന്‍ തയാറാകണമെന്നായിരുന്നു ഭവിന്‍റെ ആവശ്യം. കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന ചോദ്യത്തിന്, താല്‍പര്യമില്ലെന്ന് യുവതി മൊഴി നല്‍കി. തുടര്‍ന്ന് വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിന്‍ ഭീഷണി മുഴക്കി.

എന്നാല്‍ യുവതിയുടെ വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് മദ്യലഹരിയില്‍ ഭവിന്‍ അസ്ഥിക്കഷണങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തിയത്. യുവതി ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ വീട്ടുകാര്‍ പറയുന്നത്.

ഗര്‍ഭിണിയായിരുന്നത് മറയ്ക്കാന്‍ വളരെ ലൂസായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അയല്‍വാസികളുമായും വീട്ടുകാരുമായെല്ലാം അനീഷ അകലം പാലിച്ചിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

Post a Comment

Previous Post Next Post