മനുഷ്യാസ്ഥി കണ്ടെത്തിയ സംഭവംഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി;കാണാതായവരെക്കുറിച്ചും അന്വേഷിക്കുന്നു


ആലക്കോട്:വായാട്ടുപറമ്പ് ഹണി ഹൗസിനു സമീപം ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ കണ്ടെത്തിയ മനുഷ്യാസ്ഥിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി.ഞായറാഴ്ച സ്ഥലം ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സന്ദർശിച്ചു.കണ്ണൂർ റൂറൽ കെ 9 ഡോഗ് സ്കോഡിലെ ലോലയും കണ്ണൂരിൽ നിന്നു തന്നെയുള്ള ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.
ഞായറാഴ്ച നടത്തിയ തെരിച്ചിലിൽ സ്ഥലത്ത് നിന്നും നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ തുടങ്ങിയവ കണ്ടെത്തി.
പഴയ മോഡൽ മൊബൈൽഫോൺ,ഒരു ചീർപ്പ് എന്നിവയും കിട്ടിയിട്ടുണ്ട്. അസ്ഥികൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്കയച്ചു.പ്രദേശത്ത് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
 കുളത്തിനാൽ ബിജുവിൻ്റെ പൂട്ടിയിട്ട വീടിനു സമീപത്താണ് തലയോട്ടി,കൈകാലുകളുടെ അസ്ഥികൾ എന്നിവ കാണപ്പെട്ടത്.ബിജു വിദേശത്താണ്.നാട്ടിലേക്ക് വരുന്നതിൻ്റെ ഭാഗമായി കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ തൊഴിലാളികളാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ വീടിൻ്റെ പുറക് വശത്തായി അസ്ഥികൾ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന്
ആലക്കോട് പോലീസ് സ്ഥലത്തെത്തി.
സംഭവ സ്ഥലത്തു നിന്ന് കാവിമുണ്ട്, ഷർട്ട് തുടങ്ങിയവ ശനിയാഴ്ച കണ്ടെത്തിയിരുന്നു.ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post