"പിശക് പറ്റിയ ഹയര്‍ സെക്കൻഡറി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യും": മന്ത്രി വി ശിവൻകുട്ടി


പിശക് പറ്റിയ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കി.രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളില്‍ പിശകുണ്ടായ സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രിഉത്തരവിട്ടു.നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നല്‍കിയിരുന്നത്. സർട്ടിഫിക്കറ്റില്‍ നാലാമതായി വരുന്ന വിഷയത്തില്‍ ഒന്നും രണ്ടും വർഷത്തില്‍ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റില്‍ ആണ് പിശക് ഉണ്ടായിട്ടുള്ളത്.
പ്രസ്തുത സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത ഉടൻ പുതിയ സർട്ടിഫിക്കറ്റ് സ്കൂളില്‍ എത്തുന്ന മുറയ്ക്ക് വിദ്യാർഥികളില്‍ നിന്ന് തിരികെ വാങ്ങി പകരം സർട്ടിഫിക്കറ്റ് അനുവദിക്കും. നാളിതുവരെയും സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാത്ത സ്കൂള്‍ പ്രിൻസിപ്പല്‍മാർ പ്രസ്തുത വിഷയം ഉറപ്പുവരുത്തി തെറ്റില്ലാത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പിശക് പറ്റിയ സർട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി സ്കൂളുകളില്‍ സൂക്ഷിക്കും.
ഹയർസെക്കൻഡറി വിഭാഗം ജെ ഡി അക്കാദമിക്, സംസ്ഥാന ഐടി സെല്‍ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസ്, ഹയർസെക്കണ്ടറി അക്കാദമിക് ജെ ഡി ഡോ. എസ്.ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ.മാണിക്യരാജ് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post