മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിലെ സ്പിന്നിംഗ് മില്‍ റോഡ് ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ പുനഃസ്ഥാപിച്ചു. ഇതോടെ 20 ദിവസമായി അടച്ചിട്ട ബൈപ്പാസിലൂടെ കടന്നുപോകുന്ന ഈസ്റ്റ് പള്ളൂർ-മാഹി റോഡും ഗതാഗതത്തിനായി തുറന്നു കൊടുത്തു.
ഇന്നലെ വൈകുന്നേരമാണ് സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചത്. ഇക്കഴിഞ്ഞ 14ന് രാത്രി ബാറ്ററികള്‍ മോഷണം പോയതിനെ തുടർന്നായിരുന്നു സിഗ്നല്‍ സംവിധാനം നിലച്ചത്.
സിഗ്നല്‍ സംവിധാനമില്ലാതായതോടെ അപകട സാധ്യത കണക്കിലെടുത്ത് മാഹി പോലീസ് ഈസ്റ്റ് പള്ളൂർ-മാഹി റോഡ് താത്കാലികമായി അടച്ചിടുകയായിരുന്നു. കരാർ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ആണ് ബൈപ്പാസില്‍ സിഗ്നല്‍ സ്ഥാപിച്ചിരുന്നത്. ബാറ്ററി മോഷണം പോയതിനെ തുടർന്ന് സിഗ്നല്‍ സംവിധാനം ദിവസങ്ങളോളം പ്രവർത്തിപ്പിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബാറ്ററി മോഷ്ടാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക, ഹൈവേ ഡിപ്പാർട്ട്മെന്‍റിന്‍റെ അനങ്ങാപ്പാറനയം അവസാനിപ്പിക്കുക, പ്രദേശവാസികള്‍ക്ക് ഏഴുമാസം മുന്പ് നല്‍കിയ വാഗ്ദാനം പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ ബിഎംഎസിന്‍റെ നേതൃത്വത്തില്‍ ഈസ്റ്റ് പള്ളൂർ ജംഗ്ഷിനില്‍ സായാഹ്ന ധർണ നടത്തി. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മാഹി മേഖല പ്രസിഡന്‍റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കെ. അശേകൻ, മാഹി യൂണിറ്റ് സെക്രട്ടറി കെ.പി. മനോജ്, കെ.ടി. സത്യൻ, യു.സി. ബാബു എന്നിവർ പ്രസംഗിച്ചു.
Post a Comment