നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി.
കേസില്‍ എസ്‌ഐടി അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.

നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കുടുംബത്തിന്‍റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ എസ്‌ഐടി അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. 

കെട്ടിത്തൂക്കി കൊന്നതാണെന്നുള്ള ആരോപണം പരിശോധിക്കണം. കേസന്വേഷണത്തിന്‍റെ പുരോഗതി ഹര്‍ജിക്കാരിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പെടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയായ ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.

Post a Comment

Previous Post Next Post